Tuesday, 3 April 2012

ഇവരെന്താ ഇങ്ങനെ???!!!

                                                                             ഒരു പിക്കാസോ ചിത്രത്തിന്‍ വശ്യ വലയം........ അതാണ്‌.....ആ കയികളിലെ കാലം കോറിയിട്ട മിനുസമാര്‍ന്ന ചുളിവുകള്‍ക്ക്.കരിക്കരിയുംബോഴും അരി വേവിക്കുമ്പോഴും എല്ലാം ആ വാര്‍ധക്യ സൂചകങ്ങളിലേക്ക് ചെരുപ്പതിണ്ടേ ചായങ്ങള്‍ അലകഷ്യമായി കുത്തിയോഴിക്കുന്നതാരാനെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.ഒന്ന് മാത്രം അറിയാം.അതൃപ്തിയാണ് ആ ചിത്ര ചാരുതയ്ക്ക് ജീവനേകുന്നത്.ഉറക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ക്കും പരിഭവം പറച്ചിലിനും ഒരു സമര നായികയുടെ ആവേശം.കമലയുടെ കോലാടിണ്ടേ  പ്രതികരിക്കുന്ന മുഖമാണ് അവരെന്ന്  ഒറ്റ നോട്ടത്തില്‍ തോന്നാം.അവര്‍ ഇനിയും വ്യെത്യെസ്തയാണ്.തന്‍റെ വിയര്‍പ്പുതുള്ളികളില്‍ തീര്‍ത്ത രുചികൂട്ടുകള്‍ അര്‍ഹിക്കാത്ത ചുവന്ന നാവുകളെ മത്തു പിടിപ്പിക്കുമ്പോള്‍,പകരമായി അവ തൊടുക്കുന്ന കൂരമ്പുകള്‍, ഒരു ലഹരി മരുന്നെന്നപോലെ അവര്‍ ഏറ്റു വാങ്ങുന്നു .

                                                                          സ്നേഹിക്കുന്നവരെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അകറ്റി നിര്‍ത്താന്‍ ഒരു പ്രത്യേക പാടവം പ്രകടിപ്പിക്കാറുണ്ട് സംഗീര്‍ണമായ ആ മനസ്സ്.ഉള്ളു മുഴുവന്‍ ഉറവ വറ്റാത്ത നിസ്വാര്‍ത്ഥ സ്നേഹമാണ്......എന്നിട്ടും......ജോലിത്തിരക്കിനിടയില്‍ മറന്നു പോയ ഉയര്‍ന്ന ശബ്ദത്തിലെ ആ ജല്പനങ്ങളുടെ ശ്രുതിയും താളവും പിന്നെയും താരസ്ഥായിയിലായി.ഒന്നിനും ഒരുത്തരമോ പരിഹാരമോ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നും ചിലപ്പോള്‍. ഈ വിരോധാഭാസം ഒരു ഭ്രാന്തിയുടെ പരിവേഷം അവളില്‍ സന്നിവേശിപ്പിക്കുന്നുണ്ടോ?എങ്കില്‍,ക്ഷനിക്കാതെത്തുന്ന ഭ്രാന്തിന്‌ അരസികനായ ഒരു കോമാളിയുടെ മുഖമാണ്.ഏതോ ഓര്‍മകളില്‍ അത്ര സുഖദമല്ലാത്ത നിലവിളികള്‍ ഉയര്‍ത്തി,മറ്റു ചിലപ്പോള്‍ കഴിഞ്ഞ കാലത്തെ ആഘോഷവേളകളുടെ ഓര്‍മ്മപ്പെടുത്തല്‍ എന്ന പോലെ ചൂളമടിയും കൂക്കിവിളിയും ഉയര്‍ത്തി,ആ പല്ലിളിക്കാത്ത കോമാളി പിന്നെയും ഒരു സമസ്യയാകുന്നു.

                                                                 വാക്കുകള്‍ ഇടവേളയ്ക്കായ്‌ കെഞ്ചിയപ്പോള്‍ അവര്‍ നെയ്ത രൂക്ഷമായ നോട്ടം,പിന്നെയും എന്‍റെ കാടുകേറിയ വിശേഷണങ്ങളെ ഞെക്കിപിഴിഞ്ഞു.മരണം അവരുടെ സ്വപ്നമാണ്.....തെളിനീരിലെ ചന്ദ്രബിംബം ഒരു അഞ്ചുവയസുകാരിയെ കളിപ്പിക്കും പോലെ,മരണം തന്നെ പന്താടുന്നത്‌ ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ ആസ്വദിക്കാറുണ്ട്.


                                                                          രാത്രിയുടെ പാദസരങ്ങള്‍ ഒച്ചവെച്ചു വരവറിയിക്കുകയാണ്.പഴമയുടെ മണമടിക്കുന്ന കട്ടില്‍ കൊട്ടിവിരിക്കുന്ന നിദ്ര,അവരെ പതിവിലും ഗാഡമായി ആശ്ലേഷിക്കുന്നത് കണ്ടിട്ടില്ലെന്നവണ്ണം രാത്രി പെട്ടെന്ന് കണ്ണടച്ചു.മരണത്തിന്‍റെ ആരെയും കൂസാത്ത ചിരിയില്‍,ഉത്തരമാന്വേഷിക്കാത്ത ആ പരിഭവങ്ങള്‍ ഓര്‍മ്മകള്‍ ആയതെന്തിനെന്നു  ആരോടെന്നില്ലാതെ ഞാന്‍ ചോദിച്ചു.മരുപടിയെന്നപോലെ,അടുക്കളയില്‍ അവരുടെ നിശബ്ദ ശ്രോതാവായിരുന്ന പല്ലി എനിക്കന്യമായ ഭാഷയില്‍ ചിലച്ചു.....എന്തിനോ......




                            



ഉറവിടം തേടി.......

                                                               
                                                                 
                                                                            ഒറ്റപ്പെടല്‍ മൌനം അണിഞ്ഞു നില്‍ക്കുമ്പോള്‍ അനുപമമായ ഒരു സുഖമാണ് .ആള്കൂട്ടതിനിടയില്‍,അനുഭവങ്ങള്‍ മുഖത്ത് കോറുന്ന ചിരിയുടെ നൂല്പാലങ്ങള്‍ക്കിടയില്‍ ഈ ഏകാന്തത ഒളിഞ്ഞു നോക്കുമ്പോള്‍ വേദനയും.ഒരിക്കല്‍ എല്ലാ സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ നില്‍കുമ്പോള്‍ അര്‍ത്ഥശൂന്യം എന്ന് മനസ്സ് വിധിയെഴുതിയ ജന്മത്തിന്,കന്നുനീര്ചാലുകള്‍ വഴികാട്ടുമ്പോള്‍, പ്രസക്തമായ
വിരക്തി എങ്ങനെയോ എനിക്ക് അന്യമാകുന്നു.

                                                                            ബുദ്ധിജീവികള്‍ അധിക്ഷേപിച്ചാലും മണ്ടന്‍ ഫിലോസഫി എന്ന് മുദ്രകുത്തപ്പെട്ടാലും ഈ വയിരുധ്യം ഞാന്‍ ആസ്വദിക്കാറുണ്ട്,പ്രെത്യെക്ഷമായിത്തന്നെ!എന്‍റെ ചേഷ്ടകള്‍ എല്ലാ സാമൂഹ്യജീവികളെയും സന്മാര്‍ഗികളെയും,എന്തിനു,സാമൂഹ്യവിരുദ്ധരെപ്പോലും ഭ്രാന്ത് പിടിപ്പിക്കരുണ്ടത്രേ!എങ്കിലും അവര്‍ എന്നെയാണ് ഭ്രാന്തന്‍ എന്ന് വിശേഷിപ്പിക്കുക.വെട്ടവും വായുവും നിഷിദ്ധമായ ഇരുംബുകൂടുകളില്‍,എന്നെപ്പോലെ തലയ്ക്കപ്പെട്ടിരിക്കുന്ന ബുദ്ധിഭ്രെംശം സംഭവിച്ച മറ്റു സാധുക്കളെല്ലാം മൌനികളാണ്.അതുകൊണ്ടുതന്നെ അവര്‍ വിചാരണ ചെയ്യപ്പെടാറില്ല.

                                                                             പ്രശസ്തരായ വേറെ ചില ഭ്രാന്തന്മാരുണ്ട്.അവര്‍ തോന്നലുകള്‍ വെള്ളകടലാസുകളില്‍ തലങ്ങും വിലങ്ങും കുറിച്ച് കീശവീര്‍പ്പിക്കുകയും സ്വന്തം ഭ്രാന്ത് മറയ്ക്കാന്‍ വെമ്പുന്ന മാന്യന്മാര്‍,അവരെ ആരാധിച്ചു അനശ്വരരാക്കുകയും ചെയ്യുന്നു.ഇതിനു നേരെ പരസ്യമായി നെറ്റി ചുളിച്ചത് കൊണ്ടാണോ ഞാന്‍ കല്ലെറിയപ്പെട്ടത്‌?എന്‍റെ ചിന്തകള്‍ നിങ്ങള്‍ക്കായി തേച്ചുമിനുക്കി എന്നെ നഷ്ടപ്പെടുത്താന്‍ എനിക്കു വയ്യ.വിരസമായ,നിഗൂഡമായ,കേവലാര്‍ത്ഥം പോലും അവകാശപ്പെടാനില്ലാത്ത എന്‍റെ മാത്രം ഭാഷയെ, സുഖമുള്ള ഈ ഭ്രാന്തിനെ,ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു.വിജ്ഞാനകോശങ്ങളെ......മാപ്പ്!നിങ്ങള്‍ കേള്‍ക്കാതെ നിങ്ങളുടെ ശത്രുക്കള്‍ മന്ത്രിക്കുന്നു........ഞാനും ഒരെഴുത്തുകാരന്‍ എന്ന്!